ശ്രീ വിദ്യാധിരാജ പരമ ഭട്ടാരക ചട്ടമ്പി സ്വാമികള്‍
പ്രവര്‍ത്തിയും ഗുണവുമണ് മനുഷ്യന്റെ ജാതി നിശ്ചയിക്കുന്നതിനടിസ്ഥാനമെന്ന് ഓര്‍മിപ്പിക്കന്‍ നമുക്കൊരു ആത്മജ്ഞാനി ഉണ്ടായിരുന്നു. ജാതി ശ്രേഷ്ഠതയാണ് മറ്റെന്തിനെക്കാളും മീതെയെന്ന തെറ്റിദ്ധാരണയില്‍ കേരളം ഭ്രമിച്ചിരുന്ന നാളുകളിലാണ് ഈ ക്രാന്ത ദര്‍ശിയുടെ ജനനവും ജീവിതവും.
1853 ആഗസ്റ്റ് 25-ാം തീയതി തിരുവനന്തപുരത്തിനടുത്ത് കൊല്ലൂര്‍ എന്ന ഗ്രാമത്തില്‍ ഉള്ളൂര്‍കോട്ട് എന്ന ദരിദ്ര നായര്‍ കുടുംബത്തില്‍ നങ്കാദേവിയുടെയും വാസുദേവശര്‍മ്മ എന്ന ബ്രാഹ്മണന്റെയും പ്രധമ സന്താനമായി ചരിത്രപുരുഷനായ ശ്രീ. ചട്ടമ്പിസ്വാമി തിരുവടികള്‍ ഭൂജാതനായി. കുഞ്ഞന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പേരു് അയ്യപ്പന്‍ എന്നായിരുന്നു.
ദാരിദ്ര്യം മൂലം പൊറുതിമുട്ടിയ അദ്ദേഹത്തിന്റെ കുടുംബത്തിന് കുഞ്ഞനെ പ്രാധമിക വിദ്യാഭ്യാസം പോലും ചെയ്യിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നില്ല. മലയാളം അക്ഷരമാല അച്ഛനില്‍നിന്നും പഠിച്ച അദ്ദേഹം സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികളുടെ ഏടുകള്‍ നോക്കി പഠിക്കുന്നതു പതിവാക്കി. ഭക്ഷണത്തിന് ആ കുടുംബം കൊല്ലൂര്‍ മഠത്തെയാണ് ആശ്രയിച്ചത്. മഠത്തിലെ ബ്രാഹ്മണബാലന്മാരുടെ സംസ്‌കൃത പാഠങ്ങള്‍ മറഞ്ഞുനിന്നു ഗ്രഹിച്ചുവന്ന ബാലന്റെ വിദ്യാഭ്യാസത്തിനുള്ള അടങ്ങാത്ത ആഗ്രഹം മനസ്സിലാക്കിയ അദ്ധ്യാപകന്‍ മറ്റുകുട്ടികളുമൊത്തു സംസ്‌കൃതാദ്ധ്യയനം ചെയ്യാന്‍ ആ കുട്ടിയേയും അനുവദിച്ചു. പിന്നീട് അദ്ദേഹത്തെ പേട്ടയിലെ രാമന്‍പിള്ള ആശാന്റെ പള്ളിപ്പുരയിലേക്ക് ജേഷ്ഠന്‍ കൃഷ്ണപിള്ള കൊണ്ടുപോയാക്കി. ചുറുചുറുക്കുള്ള ആ ബാലന്‍ ആശാന്റെ അഭാവത്തില്‍ അദ്ധ്യയനം നോക്കാനും, ചട്ടം പരിപാലിക്കാനും യോഗ്യനാണെന്നുകണ്ട് ചട്ടമ്പിയായി ആശാന്‍ നിയോഗിച്ചു. ഇന്നത്തെ ക്ലാസ് മോണിട്ടറെക്കാളും അധികാരം ചട്ടമ്പിക്കു്. പില്ക്കാലത്ത് അദ്ദേഹം ചട്ടമ്പിസ്വാമികള്‍ എന്നറിയപ്പെട്ടത് ഇക്കാരണത്താലാണ്.
നായന്മാര്‍ ഈഴവരുമായി സഹഭോജനം നടത്തുന്നത് ആലോചിക്കാന്‍ പോലും വയ്യാതിരുന്ന അക്കാലത്ത് ഈഴവകുടുംബങ്ങളില്‍ ചെന്ന് സഹവസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത് അദ്ദേഹം ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും എതിര്‍ക്കുകയുണ്ടായി. അന്യാദൃശ്യമായ ഓര്‍മ്മശക്തി. സമസൃഷ്ഠി സ്‌നേഹം എന്നിവ ചെറുപ്പത്തില്‍ത്തനെ അദ്ദേഹത്തില്‍ ദൃശ്യമായിരുന്നു. രാമായണം, ഭാരതം മുതലായ ഗ്രന്ഥങ്ങള്‍ വീണ്ടും വീണ്ടും വായിച്ച് അദ്ദേഹം അദ്വൈതപ്പൊരുള്‍ മനനം ചെയ്തു.
കൊല്ലൂര്‍ ക്ഷേത്രസന്നിധിയില്‍ ഭജനയ്ക്കെത്തിയ വൃദ്ധനായ ഒരു യോഗി ബാലാസുബ്രഹ്മണ്യമന്ത്രം അദ്ദേഹത്തിന് ഉപദേശിച്ചു. സന്യാസം സീകരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മയുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്നതിനാല്‍ അദ്ദേഹം കുറച്ചുനാള്‍ ആധാരമെഴുത്തുജോലി ചെയ്തു. ഹജൂര്‍ക്കച്ചേരിയില്‍ കണക്കപ്പിള്ളയായി കുറച്ചുനാള്‍ അദ്ദേഹം സര്‍ക്കാര്‍ ജോലിയും ചെയ്യുകയുണ്ടായി. തൈക്കാട്ട് അയ്യാവ് എന്ന പണ്ഠിതനായ ഹഠയോഗിയില്‍ നിന്ന് വേദാന്തജ്ഞാനവും യോഗാസനങ്ങളും മനസ്സിലാക്കിയ അദ്ദേഹം സ്വാമിനാഥദേശികരില്‍ നിന്ന് തമിഴ്ഭാഷ കൂടുതലായി പഠിക്കുകയും തമിഴിലെ ശാസ്ത്രഗ്രന്ഥങ്ങള്‍, പുരാണഗ്രന്ഥങ്ങള്‍, വേദാന്തഗ്രന്ഥങ്ങള്‍ എന്നിവ ഹൃദിസ്ഥമാക്കുകയും ചെയ്തു. പണ്ഠിതനായ സുബ്ബജടാപാഠികളുടെ ശിഷ്യനായി അദ്ദേഹം തമിഴിലും, സംസ്‌കൃതത്തിലും എല്ലാ ശാസ്ത്രങ്ങളിലും ഗാഢപരിജ്ഞാനം നേടി. ആത്മാനന്ദസ്വാമികള്‍ എന്ന സിദ്ധനില്‍ നിന്ന് മര്‍മ്മവിദ്യയും യോഗനൂലും പ്രയോഗികമായി പരിശീലിച്ചു. തെക്കേ ഇന്ത്യയില്‍ എല്ലായിടത്തും സഞ്ചരിച്ച അദ്ദേഹം വിവിധമതങ്ങളെക്കുറിച്ച് പാണ്ഠിത്യം നേടുകയുണ്ടായി. സ്വാമി വിവേകാനന്ദന്‍ എറണാകുളത്തുവച്ച് ചട്ടമ്പിസ്വാമികളെ കണ്ട് ചിന്മുദ്രയെക്കുറിച്ചുള്ള തന്റെ സംശയനിവാരണം വരുത്തിയ ശേഷം ചട്ടമ്പിസ്വാമികളെക്കുറിച്ച് 'ഞാന്‍ ഇവിടെ ഒരു അസാധാരണ വ്യക്തിത്വത്തെ കണ്ടുമുട്ടി' എന്നാണെഴുതിയത്.
പ്രാചീനമലയാളം വേദാധികാര നിരൂപണം, ശ്രീചക്രപൂജാകല്പം, ക്രിസ്തുമത നിരൂപണം, ജീവകാരുണ്യനിരൂപണം, ആദിഭാഷ എന്നിങ്ങനെ അദ്ദേഹം അനേകം കൃതികള്‍ രചിച്ചിട്ടുണ്ട്. നായര്‍ സമുദായത്തിന്റെ പൗരാണിക വേരുകള്‍ തേടിയുള്ള യാത്രയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കൃതിയാണ് പ്രാചീന മലയാളം. പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്ത ഭൂമിയാണ് കേരളം എന്ന വാദം അദ്ദേഹം കാരണങ്ങള്‍ നിരത്തി ഖണ്ഡിച്ചു. കേരളത്തിന്റെ ആധികാരികമായ ചരിത്ര പഠനമാണ് ഈ ഗ്രന്ഥം. നായന്മാര്‍ കേരളത്തിലെ ഏറ്റവും പ്രബലരായ കൂട്ടരായിരുന്നുവെന്ന് അദ്ദേഹം കെണ്ടത്തി. ബ്രാഹ്മണര്‍ പിന്നീട് കുടിയേറിയവരാണെന്നും, നായന്മാരുടെ സ്വത്തും, വസ്തുവകകളും കയ്യേറിയ അവര്‍ പില്കാലത്ത് നായന്മാരെ അധീനതയിലാക്കുകയാണുണ്ടായതെന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍ പ്രഥമ നിവാസികള്‍ നായന്മാരായിരുന്നെന്നും ഭരണാധികാരികളും, യുദ്ധനിപുണന്മാരും, ആയോധനവിദ്യയിലും, ദേഹശക്തിയിലും വൃത്തിയിലും അഗ്രഗണ്യരായിരുന്നെന്നും ഈ പുസ്തകത്തില്‍ തുറന്നുകാട്ടുന്നു. വേദാധികാരനിരൂപണം എന്ന ഗ്രന്ഥത്തില്‍ വേദങ്ങള്‍ ബ്രാഹ്മണരുടെ കുത്തകയല്ലെന്നും എല്ലാ ഹിന്ദുക്കള്‍ക്കും അതില്‍ പ്രാവിണ്യം നേടാമെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. ജ്ഞാനം എന്നത് ഭക്ഷണവും വെള്ളവും പോലെ പ്രാധാന്യമുള്ളതാണെന്നും ശൂദ്രരുള്‍പ്പടെ എല്ലാവര്‍ക്കും വേദമഭ്യസിക്കാനുള്ള അധികാരമുെന്നും ആര്‍ക്കും അത് നിരസിക്കാനുള്ള അധികാരമില്ലെന്നും അദ്ദേഹം ഉദ്‌ഘോഷിച്ചു.
കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിനു തുടക്കം കുറിക്കുകയും ബ്രാഹ്മണരുടെ മേല്‌ക്കോയ്മയെ ചോദ്യം ചെയ്യുകയും, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലായ്മചെയ്യാനും അദ്ദേഹത്തിന്റെ കൃതികള്‍ പ്രധാന പങ്കുവഹിച്ചു.
അഹിംസാത്മകമായ ജന്തുകാരുണ്യമായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശം തന്നെ. പട്ടികളെയും എറുമ്പുവര്‍ഗ്ഗത്തെയും അദ്ദേഹം സഹോദരസ്ഥാനം നല്‍കി സല്‍ക്കരിച്ചിട്ടുണ്ട്. പരമമായ ധര്‍മ്മം എന്നനിലയില്‍ അദ്ദേഹം അഹിംസയെ ആദര്‍ശമായി വരിച്ചു. അഹിംസയുടെ പരിപൂര്‍ണ്ണാവസ്ഥയാണ് മോക്ഷമെന്നാണ് അദ്ദേഹം നിര്‍വ്വചിച്ചത്. ക്ഷേത്രങ്ങളിലെ ജന്തുബലിയെ അദ്ദേഹം കഠിനമായി വെറുത്തിരുന്നു. ജാതീയമായ ചിന്താരീതിയും വ്യവസ്ഥിതിയും ഭൗതികവും, സാംസ്‌കാരികവുമായ ഉയര്‍ച്ചയ്ക്കു വിഘാതമാണെന്നു കണ്ട സ്വാമികള്‍ ഏകജാതിബോധം സമൂഹത്തില്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ചു. ബ്രാഹ്മണ മേധാവിത്വത്തിനെ എതിര്‍ക്കാന്‍ ശ്രീനാരായണഗുരുവിന് പ്രചോദനമായത് അദ്ദേഹത്തിന്റെ ഗുരുസ്ഥാനീയനായിരുന്ന ചട്ടമ്പിസ്വാമി തിരുവടികളുടെ പ്രബോധനങ്ങളായിരുന്നുവെന്നതില്‍ സംശയമില്ല.
വാര്‍ദ്ധക്യവും ഉദരരോഗവും തന്റെ ശരീരത്തെ ബാധിച്ചു തുടങ്ങിയപ്പോള്‍ തന്റെ അന്ത്യകാലം അടുത്തിരിക്കുന്നുവെന്ന് സ്വാമികള്‍ക്ക് ബോധോദയം ഉണ്ടായി. തന്റെ അന്ത്യവിശ്രമം പന്മനയിലായിരിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശിഷ്യര്‍ അദ്ദേഹത്തെ അവിടേയ്ക്കു കൊണ്ടുപോയി. പന്മനയിലെത്തിയ അദ്ദേഹം അവിടെ സി.പി.പി. സ്മാരകവായനശാലയില്‍ വിശ്രമിക്കുകയും താന്‍ മുന്‍ കൂട്ടി പ്രവചിച്ച പ്രകാരം മേടമാസം 23-ാം തീയതി (മെയ് 5, 1924) സമാധിയാവുകയും ചെയ്തു.